ലക്നോ: പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉച്ചയായിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിൽ സംശയം തോന്നിയ വീട്ടുകാർ റൂമിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മീററ്റിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.